2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
⏳ചരിത്രം

ക്ളാപ്പനയുടെ നാമചരിത്രം കാര്‍ഷിക സമൃദ്ധിയില്‍ നിന്നു തുടങ്ങുന്നു. ഓണാട്ടുകരയുടെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ക്ളാപ്പന വിശാലമായ കൃഷി നിലങ്ങളുടേയും അത്യാദ്ധ്വാനികളുടേയും നാടായിരുന്നു. വിളവെടുപ്പു കാലമാകുന്നതോടെ തെക്കന്‍ നാടുകളില്‍ നിന്ന് ഉഴവിനുള്ള മാടുകളെ കൂട്ടമായി തെളിച്ചുകൊണ്ടു വരുക പതിവായിരുന്നു. 

അവര്‍ ഇടത്താവളമാക്കിയിരുന്നത് പനവൃക്ഷങ്ങള്‍ ധാരാളമുണ്ടായിരുന്ന ക്ളാപ്പനയിലെ തെക്കന്‍ പ്രദേശമാണ്. വിശ്രമത്തിനായി കളിത്തട്ടും ദാഹശമനത്തിന് തണ്ണീര്‍ പന്തലും അവിടെയുണ്ടായിരുന്നു. ദാഹജലം നല്‍കുവാന്‍ ചുമതലപ്പെട്ട അന്നത്തെ കുടുംബമായ തണ്ണീര്‍ക്കരശ്ശേരില്‍ ഇന്നും അതേ പേരില്‍ അവിടെ അവശേഷിക്കുന്നു. വാണിഭക്കാര്‍ വിശ്രമ സമയത്ത് കാളകളെ കെട്ടിയിരുന്ന പനകളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കാളപ്പന എന്ന് വ്യവഹരിച്ചു വന്നത് കാലം കടന്നു പോയതോടെ ക്ളാപ്പനയായി മാറി. കാതുകളില്‍ നിന്നു കാതുകളിലേക്ക് കൈമാറിയ ക്ളാപ്പനയുടെ നാമകഥകളില്‍ പലതും ഇനി ബാക്കി നില്‍ക്കുന്നു. അവയില്‍ വിശ്വാസമായ  ഒന്ന് നടുവാഴിത്ത ഭരണ സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ്.

 കരബലം കൊണ്ടും ധനബലം കൊണ്ടും നോക്കത്താദൂരം കയ്യടക്കിയിരുന്ന പ്രമാണിമാര്‍ കൂറ്റന്‍ കാളകളെ തങ്ങള്‍ ലക്ഷ്യമിട്ടിരുന്ന നാട്ടിന്‍ പുറങ്ങളില്‍ കൊണ്ട് ചെന്ന് കെട്ടിയിടുകയായിരുന്നു പതിവ്. കാളകളെ സ്വതന്ത്രമാക്കുവാന്‍ ചങ്കൂറ്റം കാണിക്കുന്നവരുമായി ഏറ്റുമുട്ടുകയും ജയിച്ചാല്‍ ആ പ്രദേശം കൂടി കയ്യടക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഈ പ്രദേശങ്ങളിലെ വനങ്ങളില്‍ ഒന്നില്‍ അധികാര മോഹത്താല്‍ ബന്ധിക്കപ്പെട്ട കാളയുടെ ചരിത്രത്തെ തുടര്‍ന്ന് കാളയെ ബന്ധിച്ച പനയെന്ന അര്‍ത്ഥമുള്ള കാളപ്പന കാലന്തരത്തില്‍ ക്ളാപ്പനയായി പരിണമിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു കഥകൂടി ക്ളാപ്പനയുടെ ചരിത്രത്താളുകളില്‍ ഇനിയും ശേഷിക്കുന്നു. ക്ളാപ്പന തെക്കേ പകുതിയിലുള്ള ചിറക്കടവ് ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കൂറ്റന്‍ പനയുണ്ടായിരുന്നുവത്രേ. ആ പനയുടെ ചുവട്ടില്‍ എത്രതന്നെ തേച്ചുമിനുക്കിയ ഓട്ടുവിളക്കു കത്തിച്ചു വെച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ വിളക്ക് ക്ളാവു പിടിക്കുമായിരുന്നു. വിശേഷ സിദ്ധിയുള്ള ആ പനയാണ് വിളക്കില്‍ ക്ളാവുപിടിപ്പിക്കുന്നത് എന്ന വിശ്വാസത്തില്‍ അത് ‘ക്ളാവുപന’ എന്നറിയപ്പെട്ടു. കാലത്തിന്റെ മഹാ പ്രവാഹത്തില്‍ ‘ക്ളാവുപന’ തലമുറകള്‍ മാറിയപ്പോള്‍ ക്ളാപ്പനയായി മാറി.